CARNET BOOKS

വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും

സുരേഷ് ബാബു ആലക്കോട് മാഷടെ ഈ ആദ്യ പുസ്തകം കേവലമൊരു വായനയല്ല, മറിച്ച് ഒരുകൂട്ടം മനുഷ്യരിലേക്കും ഓർമ്മകളിലേക്കും തുഴഞ്ഞുപോകുന്ന അദ്ദേഹത്തിന്റെ ആത്മയാത്രയാണ്.   തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരെയും മനസ്സിൽ തങ്ങിനിന്ന സംഭവങ്ങളെയും അത്രമേൽ ലളിതമായ ആഖ്യാനത്തിലൂടെയാണ് മാഷ് ഇതിൽ പകർത്തിവെച്ചിരിക്കുന്നത്. ഓരോ വരിയിലും അദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണപാടവവും ഹൃദ്യമായ എഴുത്തുശൈലിയും തെളിഞ്ഞുനിൽക്കുന്നുണ്ട്. ഇരുപത്തിനാല് ഏടുകളിലായി മാഷിന്റെ ജീവിതം നമ്മുടെ മുന്നിൽ തുറന്നു കാട്ടപ്പെടുമ്പോൾ, ഓരോ അധ്യായവും വായനക്കാരന്റെ മനസ്സിൽ ഒരു ചെറിയ മന്ദഹാസമോ, ഈറനണിയിക്കുന്ന ഓർമ്മയോ, […]

സുരേഷ് ബാബു ആലക്കോട് മാഷടെ ഈ ആദ്യ പുസ്തകം കേവലമൊരു വായനയല്ല, മറിച്ച് ഒരുകൂട്ടം മനുഷ്യരിലേക്കും ഓർമ്മകളിലേക്കും തുഴഞ്ഞുപോകുന്ന അദ്ദേഹത്തിന്റെ ആത്മയാത്രയാണ്.

 

തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരെയും മനസ്സിൽ തങ്ങിനിന്ന സംഭവങ്ങളെയും അത്രമേൽ ലളിതമായ ആഖ്യാനത്തിലൂടെയാണ് മാഷ് ഇതിൽ പകർത്തിവെച്ചിരിക്കുന്നത്. ഓരോ വരിയിലും അദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണപാടവവും ഹൃദ്യമായ എഴുത്തുശൈലിയും തെളിഞ്ഞുനിൽക്കുന്നുണ്ട്.

ഇരുപത്തിനാല് ഏടുകളിലായി മാഷിന്റെ ജീവിതം നമ്മുടെ മുന്നിൽ തുറന്നു കാട്ടപ്പെടുമ്പോൾ, ഓരോ അധ്യായവും വായനക്കാരന്റെ മനസ്സിൽ ഒരു ചെറിയ മന്ദഹാസമോ, ഈറനണിയിക്കുന്ന ഓർമ്മയോ, ചിന്തയോ, അല്ലെങ്കിൽ ചില പൊള്ളുന്ന നോവുകളോ ബാക്കിവെക്കുന്നു. ചില കഥകൾ മാഷ് കണ്ടുമുട്ടിയ, മനസ്സിന്റെ താളംതെറ്റിയ ചില മനുഷ്യരെക്കുറിച്ചാണ്. ഡോ. സോമൻ കടലൂർ പറഞ്ഞതുപോലെ, ഒഴുകിപ്പോയ ഭൂതകാലത്തിൽ നിന്നും ഉരുകിയൊലിച്ച സ്മരണയാണ് ഈ പുസ്തകം. ഗുരുക്കന്മാരും, പ്രണയവും, പ്രിയപ്പെട്ട ശിഷ്യന്മാരും, സ്വന്തം കുടുംബവും, വഴിയിൽ കണ്ടുമുട്ടിയ അപരിചിതരും ഒക്കെ ഇതിൽ കഥാപാത്രങ്ങളായി മാറുന്നു.

 

വളരെ ചെറിയ അധ്യായങ്ങൾ! സന്തോഷ് ഏച്ചിക്കാനം കുറിച്ചതുപോലെ, വായനക്കാർക്ക് പരിചിതമല്ലാത്ത അപൂർവ്വ അനുഭവങ്ങളുടെയും ഏടുകളുടെയും വിസ്മയക്കാഴ്ചയാണ് ഈ കൃതി. ഇതിൽ ‘മുനിയമ്മയുടെ കഥ’, ‘കുഞ്ഞിക്കയുടെ കടലവണ്ടി’, ‘മരണം വരുന്ന വഴികൾ’ തുടങ്ങിയ അധ്യായങ്ങൾ എന്റെ മനസ്സിനെ ഒന്നിരുത്തി ചിന്തിപ്പിച്ചു, ഉള്ളുലച്ചു.

ജീവിതത്തിന്റെ യഥാർത്ഥ മൂല്യവും പോരാട്ടവീര്യവും എന്തെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് മാഷിന്റെ പ്രിയപ്പെട്ട ചില ശിഷ്യരുടെ കഥകൾ ഷിജിമോളും മേൽബിനും, തോൽക്കാൻ മനസ്സില്ലാത്ത അവരുടെ ജീവിതങ്ങൾ ഓരോ ശ്വാസത്തിന്റെയും വില എത്രത്തോളമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

 

അതുപോലെ തന്നെ, അറിയാത്ത പ്രായത്തിൽ താൻ കാരണം വേദനിച്ച കൃഷ്ണൻകുട്ടി മാഷ് എന്ന ഗുരുനാഥനോട് വർഷങ്ങൾക്ക് ശേഷവും മനസ്സിൽ സൂക്ഷിക്കുന്ന കടുത്ത കുറ്റബോധവും, കനത്ത പശ്ചാത്താപത്തോടെ അദ്ദേഹം മാപ്പപേക്ഷിക്കുന്നതും വായിക്കുമ്പോൾ വായനക്കാരായ നമ്മുടെ ഉള്ളും നിറയും. ആറാം വയസ്സിൽ മരണത്തെ മുഖാമുഖം കണ്ടതുമുതൽ ജീവിതത്തിന്റെ വിസ്മയക്കാഴ്ചകൾ വരെയുള്ള ഒട്ടനവധി അനുഭവങ്ങളുടെ ഈ വലിയ കൂട്ടായ്മയാകാം സുരേഷ് സർ എന്ന അധ്യാപകനെ ഇത്രമേൽ മനുഷ്യത്വമുള്ള, പാകതയുള്ള ഒരാളാക്കി മാറ്റിയത്.

 

ഈ കൊച്ചു കൊച്ചു ഓർമ്മത്തുണ്ടുകൾ വായിച്ചുതീർക്കുമ്പോൾ നമ്മുടെ മനസ്സിലും ഒരു പുതിയ വെളിച്ചം നിറയും. ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന, ഉള്ളുതൊടുന്ന വല്ലാതെ സ്വാധീനിക്കുന്ന ഒരു നല്ല പുസ്തകം!

by- Sreeja Prashanth

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
Wishlist link copied!