മധുരമുള്ള നുകം
എല്ലാവരും തെളിഞ്ഞോ മറഞ്ഞോ ആ വക്ഷസ്സിനോട് ചാഞ്ഞിരിക്കുകയാണ്.
തിരുവത്താഴമേശയിലെന്ന പോലെ.അതു പിടുത്തം കിട്ടണമെങ്കിൽ തലയിൽ നിന്ന് ലിയൊനാർഡോ ഡാ വിഞ്ചിയുടെ ആ ക്ലാസ്സിക് പടം ഇളക്കിക്കളയണം
ഫോട്ടോ സെഷനിലെന്നപോലെ മേശയുടെ കൃത്യം നടുക്ക് യേശു , രണ്ട് വശങ്ങളിലായി
ആറാറു പേരും !
യേശുവിന്റെ കാലത്തിനും ദേശത്തിനും നിരക്കാത്ത രീതിയിലാണ് ചിത്രകാരനത് മെനഞ്ഞത് .
കസേര പോലും പൊതുവായ ഒരു രീതിയായിരുന്നില്ല .
triclinium എന്നൊരു റോമൻ ശീലമാണ് പൊതുവേ വിരുന്നുകളിൽ പാലിച്ചിരുന്നത് – വലിയൊരു ഊട്ടു മുറിയാണത് .
ആറിഞ്ചോളം ഉയരമുള്ള യു – ഷേപ്പുള്ള ഒരു മേശയുണ്ടാവും .
തറയിൽ വിരിച്ച കുഷ്യനിൽ ഇടതു വശത്തേക്ക് അൽപ്പം ചരിഞ്ഞു കിടന്നു ( recline )
ഭക്ഷിക്കുന്ന രീതിയാണ് .
ഭക്ഷണത്തിനിടെ കണ്ണീരു കൊണ്ട് അവന്റെ പാദങ്ങൾ കഴുകിയ സ്ത്രീയുടെ കഥയൊക്കെ സാധ്യമാകുന്നത് അങ്ങനെയാണ് .
ഒരാൾ എത്ര ദരിദ്രനാണെങ്കിൽ പോലും പെസഹായിൽ അപ്രകാരം ഭക്ഷിക്കണമെന്ന് ചട്ടം ഉണ്ടായിരുന്നു ,
നന്നായി ഒരുക്കിയ വിശാലമായ മാളിക മുറിയാണെന്ന സുവിശേഷ സൂചനയുണ്ട് .
ഒരേ മേശയ്ക്ക് ചാരെ ഇരിക്കുമ്പോഴും ചില മുൻഗണനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് .
തങ്ങളിൽ ആരാണ് വലിയവരെന്ന ശിഷ്യരുടെ തർക്കം ശ്രദ്ധിക്കണം .
ആതിഥേയന്റെ ഇടതും വലതും ഇരിക്കാനാവശ്യപ്പെടുകയാണ് ഏറ്റം മുന്തിയ ആദരവും പരിഗണനയും , guest of honor.
തർക്കമില്ലാത്ത വിധത്തിൽ ഒരു വശത്ത് യോഹന്നാനുണ്ട്.
അതയാൾ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് : യേശു സ്നേഹിച്ച ശിഷ്യൻ അവന്റെ വക്ഷസ്സിനോട് ചേർന്ന് കിടന്നു.
റിക്ലൈനിംഗിൽ മാത്രം സാദ്ധ്യമാവുന്ന കാര്യമാണത് .
മറുവശത്താണയാൾ ,
അത്രയും ചേർന്ന് – ചേർത്ത് .
ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കാൻ കഴിയുന്ന വിധത്തിൽ അത്രയും അടുത്ത് .
ഒരു മാത്ര യേശു തന്റെ ശിരസ്സ് അയാളുടെ നെഞ്ചോട് ചേർത്തു പിടിച്ചുട്ടുണ്ടാവും: സ്നേഹിതനെ – സ്നേഹിതനെ !അവർക്കിടയിലെ രഹസ്യ ഭാഷണം യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓർക്കണം.
അവിടം വരെ ഒരേ കഥയാണ്.
അതിനു ശേഷമുള്ളതൊക്കെ നിങ്ങൾ നിച്ഛയിക്കുന്നതാണ്.
every privilege pre suppose a responsibility.കൂടുതൽ നല്കപ്പെട്ടിരിക്കുന്നവരിൽ നിന്ന് കൂടുതൽ ആഗ്രഹിക്കപ്പെടുന്നു എന്ന യേശു ഭാഷണത്തിൻ്റെ പൊരുളതാണ്.വരികൾക്കിടയിലൂടെ പ്രിയ സാം അടിവരയിട്ട് പറയാൻ ശ്രദ്ധിക്കുന്നത് അത് മാത്രമാണ്. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ട ഈഅത്മബാധ്യതയാണ് യേശു വെച്ചു നീട്ടുന്ന മധുരമുള്ള നുകം.
Max Lucado എന്ന എഴുത്തുകാരൻ അതിന് കൊടുക്കുന്ന വിശദീകരണം ചാരുതയുള്ളതാണ്. യേശുവിന്റെ ദേശത്തിലെ അവന്റെ സമകാലീനരായ കൃഷിക്കാർ പുതിയൊരു ഉരുവിനെ ഉഴുവുവാൻ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പരിചയവും പഴക്കവുമുള്ള മറ്റൊരു മൃഗത്തോട് ചേർത്തുകെട്ടിയാണത്. കൂടുതൽ ഭാരം പരിശീലകന്റെ മീതെ വരുന്ന രീതിയിലാണ് കലപ്പ വയ്ക്കുന്നത്. പണിയിൽ ഒരു നോവിസ് എന്ന നിലയിൽ മറ്റൊരാളുടെ കാര്യം അങ്ങനെ കുറേക്കൂടി ആയാസരഹിതമാകുന്നു. അവരോടൊപ്പം സഞ്ചരിച്ച് ജീവിതത്തെ കുറേക്കൂടി ഹൃദ്യമായ അനുഭവമാക്കുക എന്നു സാരം. സാധകൻ്റെ ഈ സഞ്ചാരത്തിൽ കൂടെ നടന്നാണ് അവിടുന്നതിനെ അഗാധമാക്കുന്നത്.
unsui, എന്ന പദമാണ് നവസാധകർക്ക് വേണ്ടി സെൻ പാരമ്പര്യം കരുതി വെയ്ക്കുന്നത്.
മേഘമെന്നും ജലമെന്നും അർത്ഥം വരുന്ന രണ്ടു പദങ്ങളെ വിളക്കിയെടുത്തതാണ് ആ സൂചന.
ചിത്രങ്ങളെ അക്ഷരമാക്കുന്ന – pictograph -ചൈനീസ് പാരമ്പര്യത്തിൽ അത് വളരെ വ്യക്തമാണ്.
നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന രൂപരഹിതമായ ഒരു നിലനില്പാണ് ശിഷ്യന്റെ കാതൽ എന്ന് സാരം.
സഞ്ചാരം നിലക്കുമ്പോൾ പിന്നെ അയാളില്ല! അകത്തും പുറത്തും സദാ സഞ്ചരിക്കുവാൻ ക്ഷണിക്കുന്ന പുസ്തകമാണിത്. കുറച്ചു കൂടി അകക്കാമ്പുള്ള ഒരർപ്പണ ജീവിതത്തെ രൂപപ്പെടുത്തുകയാണ് അതിൻ്റെ ധർമ്മം . ആഴം ആഴത്തെ വിളിക്കുന്നുവെന്ന സങ്കീർത്തനം പോലെ. നമ്മൾ ഒന്നായി മിടിക്കുവോളം , ഒരുമിച്ചു വസിക്കുവോളം.
എന്നിൽ വസിക്കുക എന്നതാണ് സ്നേഹത്തിൽ അന്യോന്യം അവർ നിരന്തരം മന്ത്രിക്കുന്നത് .
നയാഗ്രായ്ക്ക് കുറുകെ കടക്കുന്ന ഒരാളെ ഓർക്കുന്നു. പേര് ചാൾസ് ബ്ലോണ്ടിൽ. 1950 അടി വീതിയിൽ 158 അടി താഴ്ച്ചയിൽ 50,000 ടൺ വെള്ളം ഓരോ മിനിറ്റിലും പതിക്കുന്ന ഇടമാണത്. എല്ലാവരെയും ആകാംക്ഷയുടെ കത്തിമുനയിൽ നിർത്തി അയാൾ മറുകര കടന്നു. കനത്ത കരഘോഷം!അയാൾ അവരോടു പറഞ്ഞു: എൻ്റെ ശരിക്കുമുള്ള നമ്പർ വരാനിരിക്കുന്നതേയുള്ളു. ഒരാളെ എടുത്തു കൊണ്ട് ഇതേ ചരടിലൂടെ എനിക്ക് തിരികെ നടക്കാനാവും. അരെങ്കിലും ഒരാൾ മുന്നോട്ടു വരിക. അരാണതിനു തയാറാവുക!
ആറു വയസുള്ള ഒരു കുട്ടി വന്നു. അയാൾ അടക്കം പൂട്ടി പിടിച്ച് കുഞ്ഞിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. അവർ മറുകരയിലേക്ക് നടന്നു. അതോടു കുട്ടിയായി ഹീറോ. അയാൾ ഏന്തു കൂടോത്രമാണ് നിനക്ക് പറഞ്ഞു തന്നത്?
കുട്ടി പറഞ്ഞു:
കണ്ണടച്ച് എൻ്റെ ദേഹത്ത് അള്ളിപ്പിടിച്ചിരിക്കണം; നമുക്കൊരുമിച്ച് മിടിക്കാം. ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിക്കുന്നവർ എന്നൊക്കെ പറയുന്നതു പോലെ ഒരേ പാത്രത്തിൽ നിന്ന് ശ്വസിക്കാം എന്നാണയാൾ പറഞ്ഞത്!
മറ്റൊന്നുമില്ല. ശ്രദ്ധയിടറിയാൽ ശ്വാസ താളംതെറ്റിയാൽ പിന്നെ നമ്മളില്ല.
– Bobby Jose Capuchin
