മുൻ മാധ്യമ പ്രവർത്തകൻ ബാബു ജേക്കബ് എഴുതുന്നു:
മലയാള സാഹിത്യത്തിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് സ്പിൻ ഓഫ്. (ഒരു രചനയിലെ കഥാപാത്രം മറ്റൊരു സ്വതന്ത്ര രചനയിലേക്ക് വരുന്നത്). വൈക്കം മുഹമ്മദ് ബഷീർന്റെ പാത്തുമ്മയുടെ ആട് എന്ന നോവൽ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് നോവലുകളിൽ ഒന്നാണല്ലോ. എന്നാൽ ഈ പാത്തുമ്മയുടെ ആട് പ്രധാന കഥാപാത്രം ആയി വരുന്ന മറ്റൊരു നോവൽ മറ്റൊരു എഴുത്തുകാരന്റെ പേരിലുണ്ട്. എസ് എ ഷുജാദ് എഴുതിയ കാർട്ടൂൺ എന്ന നോവലിലെ പ്രധാന കഥാപാത്രം ടൈറ്റിൽ കഥാപാത്രമായ കാർട്ടൂൺ മേരിയെകൂടാതെ പാത്തുമ്മയുടെ ആട് ആണ്. പാത്തുമ്മയുടെ ആട് അതേ പേരിൽ നോവലിന്റെ ആദ്യാവസാനം വരെ പ്രധാന കഥാപാത്രമായി നോവലിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. പാത്തുമ്മയുടെ ആട് ബഷീർ നിർത്തിയ ഇടത്ത് നിന്നും, അല്ലെങ്കിൽ ഇപ്പോൾ ആ ആടിന് എന്ത് സംഭവിച്ചു എന്നതിനുള്ള ഉത്തരമാണ് കാർട്ടൂണിലൂടെ ഷുജാദ് മാഷ് നൽകുന്നത്.
പാത്തുമ്മയുടെ ആടിന് മറ്റൊരു പേര് നൽകാൻ സാഹിത്യകാരൻ ആദ്യമൊരു ശ്രമം നടത്തുന്നുണ്ടെങ്കിലും പിന്നീട് പാത്തുമ്മയുടെ ആടിനെ പാത്തുമ്മയുടെ ആടെ എന്ന് വിളിച്ചു പോരുന്നു. ബഷീർ ഈ ലോകത്തോട് വിട പറഞ്ഞിട്ടും അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രത്തെ മറ്റൊരു സാഹിത്യകാരൻ പ്രധാന കഥാപാത്രമായി അവതരപ്പിച്ചിരിക്കുന്ന ഒരു ക്ലാസിക് എഴുത്താണ് കാർട്ടൂൺ.
മറ്റൊരു തരത്തിൽ പറഞ്ഞാൽ കാർട്ടൂൺ എന്ന നോവൽ, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കാലഘട്ടത്തിൽ നിന്നും കാർട്ടൂൺ കാലഘട്ടത്തിലേക്ക് ഉള്ള ആകെ മാറ്റമായി മാറുന്നു. 1959 ൽ പ്രസിദ്ധീകരിച്ച പാത്തുമ്മയുടെ ആടിന് 2005 ലാണ് കാർട്ടൂൺ മേരിയിലൂടെ മറ്റൊരു പൂർണ കഥാപാത്രമായി രംഗത്ത് വരാൻ സാധിച്ചിട്ടുള്ളത്. പാത്തുമ്മയുടെ ആട് വായിച്ച് വളർന്ന തലമുറകൾക്ക് നാശം വരികയും ടെലിവിഷന്റെ വളർച്ചയോടെ കാർട്ടൂൺ കണ്ട് വളരുന്ന തലമുറകൾ ഉണ്ടാവുകയും ചെയ്യുന്നതോടെ ആണ് പാത്തുമ്മയുടെ ആട് കാർട്ടൂൺ ലോകത്തെ കുട്ടികളുടെ ഒപ്പം കാർട്ടൂൺ മേരി എന്ന കഥാപാത്രത്തിനൊപ്പം വീണ്ടും രംഗപ്രവേശനം നടത്തുന്നത്.
വൈകുന്നേരങ്ങളിൽ കാർട്ടൂൺ കാണാൻ ടെലിവിഷന് മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുന്നിലേക്ക് അതിലെ ഒരു കഥാപാത്രമായ മേരി വരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. ഒരു നാടിന്റെ ചരിത്രത്തെ രേഖപെടുത്തുന്നതിനൊപ്പം ബാലസാഹിത്യവും ഫാന്റസിയും തത്വചിന്തയുമെല്ലാം ഉൾപ്പെടുത്തിയ കൾട്ട് ആണ് കാർട്ടൂൺ. പറയുന്ന ഓരോ വാക്കും പലതരത്തിൽ വായിച്ചെടുക്കാൻ സാധിക്കുന്ന നോവലാണ് കാർട്ടൂൺ. അതായത് ഓരോ വായനക്കും വ്യത്യസ്ത അനുഭവം തരാൻ സാധിക്കുന്ന ഒന്നാണ് കാർട്ടൂൺ.
ബഷീറിന്റെ പാത്തുമ്മയുടെ ആടിന് അത്ഭുത സിദ്ധികൾ നൽകി ഫാന്റൻസിയുടെ ദൃശ്യത വായനക്കാർക്ക് സമ്മാനിക്കുന്ന ഒന്നാണ് കാർട്ടൂൺ. മലയാള സാഹിത്യത്തിൽ മരണമില്ലാത്ത ഒന്നാണ് പാത്തുമ്മയുടെ ആട്. അത്കൊണ്ട് തന്നെ പാത്തുമ്മയുടെ ആടിന്റെ ദൃശ്യത, അതിന്റെ ശക്തി കൂടുതൽ വെളിവാക്കുന്ന കാർട്ടൂണും മരണമില്ലാതെ സാഹിത്യലോകത്ത് തുടരും.
