CARNET BOOKS

തമ്പാൻ തോമസിന്റെ ‘A Life in Struggle’ : ഏഴ് പതിറ്റാണ്ടുകൾ നീണ്ട അവകാശപ്പോരാട്ടങ്ങളുടെ അനുഭവകഥ

അജിൻ എം വിനോദ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ ദാരിദ്ര്യത്തിനും ചൂഷണത്തിനും ദൃക്‌സാക്ഷിയായി ജീവിതമാരംഭിച്ച്, കൊച്ചിയിലെ ഫാക്ടറി ഗേറ്റുകളിലെ സമരച്ചൂടേറ്റ് വളർന്ന്, പാർലമെന്റിലും സുപ്രീം കോടതിയിലും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) വേദികളിലുമെത്തിയ തൊഴിലാളി പ്രവർത്തകനും അഭിഭാഷകനും പാർലമെന്റംഗവും സോഷ്യലിസ്റ്റ് പ്രസ്ഥാനനേതാവുമായ തമ്പാൻ തോമസിന്റെ ജീവിതസ്മരണകൾ. കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെയും രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളിലെയും നിർണായക മുഹൂർത്തങ്ങൾ ഇവിടെ ചുരുൾ നിവരുന്നു. രാജ്യമെമ്പാടും തൊഴിലാളികൾക്കായി നടന്ന പോരാട്ടങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയങ്ങളും ദുരന്തങ്ങളുമെല്ലാം ഈ പുസ്തകത്തിലൂടെ വായിച്ചറിയാം. […]

A Life in Struggle - Book Review

അജിൻ എം വിനോദ്

മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ ദാരിദ്ര്യത്തിനും ചൂഷണത്തിനും ദൃക്‌സാക്ഷിയായി ജീവിതമാരംഭിച്ച്, കൊച്ചിയിലെ ഫാക്ടറി ഗേറ്റുകളിലെ സമരച്ചൂടേറ്റ് വളർന്ന്, പാർലമെന്റിലും സുപ്രീം കോടതിയിലും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) വേദികളിലുമെത്തിയ തൊഴിലാളി പ്രവർത്തകനും അഭിഭാഷകനും പാർലമെന്റംഗവും സോഷ്യലിസ്റ്റ് പ്രസ്ഥാനനേതാവുമായ തമ്പാൻ തോമസിന്റെ ജീവിതസ്മരണകൾ.

കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെയും രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളിലെയും നിർണായക മുഹൂർത്തങ്ങൾ ഇവിടെ ചുരുൾ നിവരുന്നു. രാജ്യമെമ്പാടും തൊഴിലാളികൾക്കായി നടന്ന പോരാട്ടങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയങ്ങളും ദുരന്തങ്ങളുമെല്ലാം ഈ പുസ്തകത്തിലൂടെ വായിച്ചറിയാം. ചരിത്രത്തിൽ ഇടംനേടിയ അപ്പോളോ ടയേഴ്സ് തൊഴിലാളി സമരവും മജീതിയ വേജ് ബോർഡ് കേസിലെ സുപ്രീം കോടതി പോരാട്ടവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഈ അക്ഷരങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നത് യാദൃച്ഛികമല്ല. തൊഴിൽ നിയമങ്ങളെക്കുറിച്ചും കുത്തക മൂലധനത്തെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. എന്നാൽ അവയെ നേരിട്ടറിഞ്ഞ ഒരാൾ, വെറും ഫയലുകളിലെ വരികളായല്ല, സ്വന്തം ജീവിത അനുഭവമായി എഴുതുന്നത് അപൂർവമാണ്. നമുക്ക് ചുറ്റുമുള്ളതെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് ‘A Life in Struggle’ ചില സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു.
പുസ്തകത്തിലെ ഒരു സംഭവം ഇങ്ങനെയാണ്:

പാവപ്പെട്ടവർക്ക് വിലകുറച്ച് തുണി എത്തിക്കാൻ ഒരു ദേശീയ സഹകരണ സംഘം പ്രവർത്തിച്ചിരുന്ന കാലം. അതിന്റെ ഡയറക്ടറായിരുന്നു തമ്പാൻ തോമസ്. മുംബൈയിൽ വച്ച് ധീരുഭായ് അംബാനി അദ്ദേഹത്തെ കണ്ടു. തുണി മുഴുവൻ തന്റെ കമ്പനിയിൽനിന്ന് വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും തമ്പാൻ തോമസ് വഴങ്ങിയില്ല. പിന്നാലെ അടിയന്തരാവസ്ഥ വരികയും അദ്ദേഹം ജയിലിലാവുകയും ചെയ്തു. ഒന്നര വർഷത്തോളം കഴിഞ്ഞ് പുറത്തുവന്നപ്പോൾ, ആ തുണിവിതരണം അംബാനിയുടെ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു.

കേരളത്തിലെ വായനക്കാർക്ക് ഓർമയുള്ള ചില പോരാട്ടങ്ങളും പുസ്തകത്തിലുണ്ട്. അപ്പോളോ ടയേഴ്സിലെ തൊഴിലാളി സമരം അതിലൊന്നാണ്. പത്രപ്രവർത്തകർക്ക് മെച്ചപ്പെട്ട ശമ്പളവും സേവന വ്യവസ്ഥകളും നേടിക്കൊടുക്കുന്നതിന് മജീതിയ വേജ് ബോർഡിനും വിവിധ കോടതികൾക്കും മുന്നിൽ നടത്തിയ പോരാട്ടങ്ങളാണ് മറ്റൊന്ന്.
ഇംഗ്ലീഷിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലളിതമായ ഭാഷ, സംഭവങ്ങളുടെ ഊർജസ്വലമായ വിവരണം, തികഞ്ഞ വസ്തുനിഷ്ഠത എന്നിവയെല്ലാം ഈ പുസ്തകത്തിന്റെ മികവുകളാണ്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ കഥ മലയാളം വായിക്കാത്തവരിലേക്കും എത്താൻ ഇത് വഴിയൊരുക്കും. (‘തൂമ്പ, തൂലിക, പാർലമെന്റ്’ എന്ന പേരിൽ മലയാളത്തിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ നേരത്തേ പുറത്തുവന്നിട്ടുണ്ട്). ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇക്കാലമത്രയും പിന്തുടർന്ന് വന്ന വലിയൊരളവിൽ അധികാരബദ്ധമായ ‘ഡെമോക്രാറ്റിക് സോഷ്യലിസം’ എന്ന സങ്കൽപ്പത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് മനുഷ്യപക്ഷത്തിന് പ്രാമുഖ്യം ലഭിക്കുന്ന ‘ഹ്യൂമനിസ്റ്റ് സോഷ്യലിസം’ എന്ന തലത്തിലേക്ക് വളരണമെന്നും അവിടേക്ക് മറ്റ് പ്രസ്ഥാനങ്ങളെ ആകർഷിക്കാൻ കഴിയണമെന്നും തമ്പാൻ തോമസ് ഈ പുസ്തകത്തിൽ വാദിക്കുന്നു.

തൊഴിൽ നിയമങ്ങളെക്കുറിച്ചും വൻകിട കമ്പനികളുടെ സ്വാധീനത്തെക്കുറിച്ചും ചർച്ചകൾ സജീവമായ ഈ കാലത്ത്, ആ വിഷയങ്ങളിൽ വർഷങ്ങളോളം നേരിട്ട് ഇടപെട്ട ഒരാളുടെ അനുഭവ സമ്പത്ത് ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഇന്ത്യയിലെ തൊഴിൽ മേഖലയും രാഷ്ട്രീയവും ചെന്നെത്തി നിൽക്കുന്ന ദുരന്തസന്ധിയെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കുന്ന ഏതൊരാളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം.

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!