CARNET BOOKS

അനന്തരം ആറാം ദിവസം

ഫസല്‍ റഹ് മാന്‍  സിനി മാത്യു ജോണ്‍ എഴുതിയ ‘അനന്തരം ആറാം ദിവസം’ എന്ന നോവല്‍ ‘മകനെയും മകന്റെ കുഞ്ഞിനേയും ഹൃദയത്തില്‍ ജനിപ്പിച്ച ഒരമ്മയുടെ’ കഥ പറയുന്നു എന്ന് പുറംചട്ട വ്യക്തമാക്കുന്നു. ഉത്പത്തികഥയിലെ സൃഷ്ടിപുരാണം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലെങ്ങും പെരുകി നിറയാന്‍ ‘തന്റെ സ്വരൂപത്തില്‍ ആണും പെണ്ണുമായി’ സൃഷ്ടിച്ച മനുഷ്യകുലത്തെ അനുഗ്രഹിച്ചപ്പോള്‍, പ്രപഞ്ചത്തിലെ മുഴുവന്‍ ഗര്‍ഭപാത്രങ്ങളെയും സൃഷ്ടിരഹസ്യത്തിന്റെ സറോഗേറ്റ് പതിപ്പുകള്‍ ആക്കുകയായിരുന്നോ? അങ്ങനെ ചിന്തിക്കുന്നത് വിചിത്രമായ ഒരു തിയലോജിക്കല്‍ ഭാവനയില്‍ മാതൃത്വത്തെയും ഗര്‍ഭവഹനത്തെയും ചിത്രീകരിക്കാന്‍ ഒരു എഴുത്തുകാരിക്ക് അവസരം […]

അനന്തരം ആറാം ദിവസം

ഫസല്‍ റഹ് മാന്‍ 

സിനി മാത്യു ജോണ്‍ എഴുതിയ ‘അനന്തരം ആറാം ദിവസം’ എന്ന നോവല്‍ ‘മകനെയും മകന്റെ കുഞ്ഞിനേയും ഹൃദയത്തില്‍ ജനിപ്പിച്ച ഒരമ്മയുടെ’ കഥ പറയുന്നു എന്ന് പുറംചട്ട വ്യക്തമാക്കുന്നു.

ഉത്പത്തികഥയിലെ സൃഷ്ടിപുരാണം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലെങ്ങും പെരുകി നിറയാന്‍ ‘തന്റെ സ്വരൂപത്തില്‍ ആണും പെണ്ണുമായി’ സൃഷ്ടിച്ച മനുഷ്യകുലത്തെ അനുഗ്രഹിച്ചപ്പോള്‍, പ്രപഞ്ചത്തിലെ മുഴുവന്‍ ഗര്‍ഭപാത്രങ്ങളെയും സൃഷ്ടിരഹസ്യത്തിന്റെ സറോഗേറ്റ് പതിപ്പുകള്‍ ആക്കുകയായിരുന്നോ? അങ്ങനെ ചിന്തിക്കുന്നത് വിചിത്രമായ ഒരു തിയലോജിക്കല്‍ ഭാവനയില്‍ മാതൃത്വത്തെയും ഗര്‍ഭവഹനത്തെയും ചിത്രീകരിക്കാന്‍ ഒരു എഴുത്തുകാരിക്ക് അവസരം നല്‍കാം. ‘അനന്തരം ആറാം ദിവസം’ എന്ന ബിബ്ലിക്കല്‍ ധ്വനിയുള്ള തലക്കെട്ട്‌ അത്തരം ഒരു ആഖ്യാനദിശയെ സൂചിപ്പിക്കാനാണ് നോവലിസ്റ്റ് തെരഞ്ഞെടുത്തത് എന്ന് ഞാന്‍ കരുതുന്നു.

ബീഹാറി ഗ്രാമീണ സാമൂഹിക വ്യവസ്ഥയില്‍ ദലിത് ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളും ഉത്കര്‍ഷേച്ഛയുള്ള ഒരു പെണ്‍കുട്ടിയെ കാത്തിരിക്കുന്ന വെല്ലുവിളികളും ഗതികേടിന്റെ കുത്തൊഴുക്കില്‍ അവള്‍ എത്തിച്ചേരുന്ന കടുത്ത തീരുമാനവുമൊക്കെ ഉള്ളുലക്കുംവിധം നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. തനിക്കുവേണ്ടി ഇടപെടാന്‍ കഴിവും മനസ്സുമുള്ള ഒരു രക്ഷകസാന്നിധ്യം ഉണ്ടായിട്ടുപോലും അവള്‍ക്ക് അവളെന്തു ചെയ്തുവോ, അത് ചെയ്യേണ്ടിവരുന്നു എന്നത്  സാമൂഹികാവസ്ഥയുടെ പരിച്ചേദം തന്നെയാണ്.

എങ്കിലും രണ്ടു സുപ്രധാന കാര്യങ്ങള്‍ നോവലിന്റെ വാഗ്ദാനത്തെ പരിമിതപ്പെടുത്തി എന്ന് ഞാന്‍ കരുതുന്നു. പരിണാമഗുപ്തിയുടെയും കുലസ്ത്രീ/ വിക്റ്റോറിയന്‍ സദാചാര കെട്ടുപാടുകളുടെയും കാലഹരണപ്പെട്ട ബാധ്യതകള്‍ എന്ന് അവയെ വിളിക്കാം.

മികച്ചൊരു കൃതിക്ക്, എന്നല്ല, സ്ഫോടനാത്മകം തന്നെയായ ഒന്നിന് സാധ്യതയുണ്ടായിരുന്ന ഒരു പ്രമേയമാണ് നോവല്‍ കൈകാര്യം ചെയ്യുന്നത്. ജീവിത സന്ധികള്‍ തീര്‍ത്ത നിലയില്ലായ്മയില്‍ വിദേശ ദമ്പതികളുടെ കുഞ്ഞിനു ഗര്‍ഭപാത്രം വാടകയ്ക്ക് നല്കാന്‍ തയ്യാറാകുന്ന ‘സാറോഗേറ്റ് മദര്‍’ ഇന്ന് പുതുമയുള്ള പ്രമേയമല്ല. എന്നാല്‍ ആ കുഞ്ഞിനു ജീവനും ജീവിതവും മാതൃത്വവും നല്‍കാന്‍ തയ്യാറാകുന്ന അവള്‍ത്തന്നെ അതേ കാര്യം അവനുവേണ്ടിയും ചെയ്യുക/ അതിനു തയ്യാറാകുക എന്നതും, അതും സാമ്പത്തികമോ സമാനമോ ആയ പരിഗണനകള്‍ക്കപ്പുറം മാതൃത്വത്തിന്റെ ചോദനയ്ക്കും ഹൃദയാലുത്വത്തിനും വിധേയമായി ചെയ്യുക എന്നതും ഒട്ടേറെ അസ്തിത്വപരവും വൈകാരിക കൊടുങ്കാറ്റുകള്‍ ക്ഷണിച്ചുവരുത്തുന്നതുമായ (existential traumas and emotional tremors) പ്രമേയമാണ്. ഒരു മാസ്റ്റര്‍ക്ലാസ് നരേറ്റിവിനു സാധ്യതയുണ്ടായിരുന്ന പരിചരണം മുകളില്‍ സൂചിപ്പിച്ച രണ്ടു പ്രലോഭനങ്ങളില്‍ അതിന്റെ പൊട്ടന്‍ഷ്യല്‍ നഷ്ടപ്പെടുത്തി എന്ന പരിഭവം എനിക്കുണ്ട്. ഊന്നലുകളില്‍ കുറേക്കൂടി അവധാനത പുലര്‍ത്തിയിരുന്നെങ്കില്‍ കഥപറച്ചിലിന്റെ സ്ഥാനത്ത് ആഴമുള്ള ഒരു മനോവിജ്ഞാനീയ, ദാര്‍ശനിക നോവല്‍ വായനാലോകത്തിനു ലഭിക്കുമായിരുന്നു. അതിനുള്ള പ്രാപ്തി തനിക്കുണ്ടെന്ന് നോവലിസ്റ്റ് സൂചനകള്‍ നല്‍കുന്ന ഇടങ്ങള്‍ നോവലിലുണ്ട് എന്നതാണ് ഈ നൈരാശ്യത്തെ ആഴമുള്ളതാക്കുന്നത്.

നോവല്‍ വായന അവശേഷിപ്പിച്ച വികാരം ഇതാണ്: ഈ എഴുത്തുകാരിക്ക് ഇനിയും മികച്ച കൃതികള്‍ നല്‍കാനാകും. ചുറ്റുപാടുമുള്ള മനുഷ്യരുടെ ജീവിതം അതിരുകള്‍ മാറ്റിവെച്ചു കാണാനുള്ള കഴിവുണ്ട് അവര്‍ക്ക്. ഇതേ തുറന്ന കണ്ണുകളോടെ മുന്‍വിധികള്‍ ഏതുമില്ലാതെ മനുഷ്യ സങ്കടങ്ങള്‍ക്ക് കാതോര്‍ക്കാനും ക്ഷമാപൂര്‍വ്വം, അവധാനതയോടെ തന്റെ കഥയുടെ മര്‍മ്മം എന്തായിരിക്കണം എന്ന കൃത്യമായ ബോധ്യത്തോടെ എഴുതാനും തയ്യാറാകണം എന്നുമാത്രം. കഥപറയുന്നതിലല്ല, കഥയിലൂടെ പറയുന്ന കാര്യങ്ങളിലാണ് നോവല്‍ എന്ന ആവിഷ്കാരരൂപം സാര്‍ത്ഥകമാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!