എസ് ജോസഫ്
(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘എന്റെ പുസ്തകം’ എന്ന പംക്തിയിൽ എഴുതിയ ലേഖനത്തിൽനിന്ന് ഏതാനും ഭാഗങ്ങൾ)
എസ്.എ. ഷുജാദ് എഴുതിയ ‘കാർട്ടൂൺ’ എന്ന നോവൽ എൻറെ പ്രിയപ്പെട്ട പുസ്തകമായത് തീരെ ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു പുസ്തകം എന്ന നിലയിലാണ്. ‘എൻറെ പുസ്തകം’ എന്ന ഈ പംക്തിയിൽ അടുത്തകാലത്തെ വായനയിൽ വളരെ ഇഷ്ടപ്പെട്ട ഒരു മലയാളപുസ്തകത്തെക്കുറിച്ച് എഴുതാനാണ് എനിക്ക് താത്പര്യം. പലതവണ വായിച്ചിട്ടും പിന്നെയും പിന്നെയും വായിക്കാൻ പ്രേരണ നൽകിയ കൃതിയാണ് ‘കാർട്ടൂൺ’. അതുകൊണ്ട് അത് എൻറെ പ്രിയപുസ്തകമായി.
ഷുജാദിൻറെ നോവൽ കൂടുതലായും നാട്ടുമൊഴികളിൽ എഴുതപ്പെട്ടതാണ്. മാനകഭാഷയു ടെ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇതിൽ നാട്ടുമൊഴികൾ നിറയുന്നു. എങ്ങോട്ടും നീങ്ങാവുന്ന ആഖ്യാനവഴികളാണ് നോവലിലുള്ളത്. ഈ ആഖ്യാ നത്തിൽ കഥകളും ഉപകഥകളും വരുന്നു. കഥകൾ വ ന്നുചേരുകയാണ്. മനുഷ്യർ മാത്രമല്ല മനുഷ്യരെപ്പോലെ പ്രധാനമായി കോഴികൾ, കാക്കകൾ, തത്ത, കുയിൽ, പട്ടികൾ, പൂച്ചകൾ, പാമ്പുകൾ, എലികൾ, ആന, കല്ല് എന്നിവ നോവലിൽ ഉണ്ട്. തെക്കൻ കേരളത്തിലെ കുറെ ഭൂഭാഗങ്ങൾ അതിൻറെ സ്ഥലവിസ്തൃതിയോടെ ഇതിൽ പശ്ചാത്തലമായിട്ടുണ്ട്. ചിതറ, കടയ്ക്കൽ, വളവുപച്ച, അയിരക്കുഴി, തിരുവനന്തപുരം എന്നിങ്ങനെയുള്ള സ്ഥലങ്ങൾ, പ്രാദേശികചരിത്രങ്ങൾ എല്ലാം നോവലിലുണ്ട്.
ബഷീറിൻറെ ‘പാത്തുമ്മായുടെ ആട്’ എന്ന നോവലിൽ സാധാരണ നോവലുകളിൽ കാണുന്നമട്ടിലുള്ള ശക്തമായ കഥയൊന്നുമില്ല. അതു പോലെ ദൃഢമായ ഒരു കഥ ഇതിലുമില്ല. ഷുജാദ് ബഷീറിനെ വീണ്ടും വായിക്കുന്നു. ഒപ്പം പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. ഒരർഥത്തിൽ ‘പാത്തുമ്മായുടെ ആട്’ എന്ന കൃതിയെ പുതുകാലത്തിൻറ പശ്ചാത്തലത്തിൽ ഉൾക്കാഴ്ചകളോടെ പുതുക്കിയെഴുതുകയാണിത്. അതൊരു പുതുമയാണ്.
നോവലിലെ പ്രധാന കഥാപാത്രം തന്നെ ടി.വിയിൽ നിന്ന് ഇറങ്ങിവന്ന ഒരു കാർട്ടൂണാണ്. ഒരു വീട്ടിൽ കുട്ടികൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ മേരി എന്ന കാർട്ടൂൺ കഥാപാത്രം ടി.വിയിൽനിന്ന് പുറ ത്തിറങ്ങി. അപ്പോൾ കറണ്ടുംപോയി. പിന്നെ അവൾക്ക് ടി.വി.യിലേക്ക് തിരിച്ചുകയറാൻ കഴിഞ്ഞില്ല. കുട്ടികളെ ചിരിപ്പിച്ചുകൊണ്ട് അന്തംവിട്ടുനടന്ന കാർട്ടൂൺ മേരിയെ എം. എം. ഷാജഹാൻ എന്ന എഴുത്തുകാരൻ തൻ്റെ വരുതിയിലാക്കുന്നു. ജനകീയാസൂത്രണത്തിൻറെ കാലമാകയാൽ അവൾക്ക് കൂട്ടായി പാത്തുമ്മായുടെ ആടിനെ തലയോലപ്പറമ്പിൽ പോയി കൂട്ടിക്കൊണ്ടുവരുന്നുണ്ട് അയാൾ. ഇവരുടെ കാര്യങ്ങളാണ് നോവലിലെ ഉള്ളടക്കം. കാർട്ടൂൺ മേരിയും പാത്തുമ്മായുടെ ആടും അത്ര പരസ്പരബന്ധമില്ലാത്ത കഥകളെയും ഉപകഥകളെയും തുന്നിച്ചേർക്കുന്ന സൂചിയും നൂലുമാണ്. ഒരുപാട് മനുഷ്യകഥാപാത്രങ്ങളും അതിലേറെ ജന്തുജാലങ്ങളും അചേതനങ്ങളും നോവലിലേക്ക് കടന്നുവരികയും തങ്ങളുടെ ജീവിതം അവതരിപ്പിച്ചുപോകുകയും ചെയ്യുന്നു. ഈ സൂക്ഷ്മജീവിതത്തിന്റെ വിവരണമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. മറ്റൊരു നോവലിലും ഇങ്ങനെയൊരു ജീവലോകം ഞാൻ ഇന്നുവരെ കണ്ടിട്ടില്ല
