ശ്രീജ പ്രശാന്ത്
ഓർമ്മകളുടെ വഴികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള യാത്രയാണ് വി.കെ. അജിത് കുമാറിന്റെ ലൈഫ് ഓഫ് സോമസുന്ദരം. നമ്മുടെ ഓർമ്മകൾ ഒരിക്കലും ഒരു പ്രത്യേക ക്രമത്തിലല്ല മനസ്സിലേക്ക് കടന്നുവരുന്നത്. ഭൂതകാലവും വർത്തമാനവും പല മനുഷ്യരും അനുഭവങ്ങളുമൊക്കെ കൂടിക്കലർന്നായിരിക്കും അവ നമ്മളിലേക്ക് എത്തുന്നത്. സമാനമായൊരു നോൺ-ലീനിയർ ആഖ്യാനരീതിയിലൂടെയാണ് ഈ നോവൽ മുന്നോട്ടുപോകുന്നത്.
വാർദ്ധക്യത്തിൽ ഓർമ്മകൾ നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിലാകുന്ന സോമസുന്ദരനിലൂടെയാണ് കഥ ആരംഭിക്കുന്നത്. മാഞ്ഞുപോകുന്ന ഓർമ്മകളെ വാക്കുകളിലൂടെ വീണ്ടെടുക്കാനും കടലാസിൽ പകർത്തിവെക്കാനും അയാൾ ശ്രമിക്കുമ്പോൾ, ഓർമ്മകളിലെ വിടവുകൾ പൂരിപ്പിക്കുന്നത് ആഫ്രിക്കൻ വംശജയായ ഭാര്യ ഇമാനിയാണ്. സോമസുന്ദരന്റെ വാക്കുകളിലൂടെയും ഈമാനിയുടെ കാഴ്ചപ്പാടിലൂടെയും അയാളുടെ ജീവിതം വായനക്കാരന്റെ മുന്നിൽ പതുക്കെ തെളിയുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലം, ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷങ്ങൾ, അധിനിവേശം തുടങ്ങി വലിയൊരു ചരിത്രപശ്ചാത്തലത്തിലൂടെയാണ് സോമസുന്ദരത്തിന്റെ ജീവിതം കടന്നുപോകുന്നത്. ദാരിദ്ര്യത്തിൽ നിന്ന് പത്രപ്രവർത്തനത്തിലൂടെയും എഴുത്തിലൂടെയും അയാൾ വളർന്ന വഴികൾക്കൊപ്പം അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളും ജാതിവ്യത്യാസങ്ങളും അടിച്ചമർത്തലുകളും വിപ്ലവവുമെല്ലാം നോവലിൽ കടന്നുവരുന്നുണ്ട്.
സോമസുന്ദരത്തിന്റെ വ്യക്തിബന്ധങ്ങൾക്കും പ്രണയത്തിനും നോവലിൽ വലിയ പ്രാധാന്യമുണ്ട്. പ്രേത്യേകിച്ചു , അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകഥാപാത്രങ്ങൾ കഥയുടെ മുന്നോട്ടുപോക്കിൽ നിർണായക പങ്കുവഹിക്കുന്നുണ്. ആദ്യപ്രണയവും ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളും വിപ്ലവകാലത്ത് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജയസുധയും വായനയ്ക്കുശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്. ജീവിതത്തിലെ നഷ്ടങ്ങളും വേദനകളും അതിജീവിച്ച് സ്വന്തം അസ്തിത്വം തേടുന്ന സോമസുന്ദരനോടൊപ്പം വായനക്കാരനും ആ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നു.
ഓർമ്മകളും ചരിത്രവും വ്യക്തിജീവിതവും ഇഴചേർന്ന ഈ നോവൽ, വായിച്ചുകഴിഞ്ഞും മനസ്സിൽ കുറേ ചിന്തകളും ചില ഓർമ്മകളും ബാക്കിവെക്കുന്നു. ആഴത്തിലുള്ള വായനകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിച്ചുനോക്കാവുന്ന ഒരു നോവലാണിത്.
