എൻ.വി. പ്രമോദ്
” പ്രായമേറുമ്പോഴും ചെറുപ്പം വിട്ടുപോകാത്ത ഗുരുവിൻ്റെയും ശിഷ്യയുടേയും മനസിൽ ദൈവം തുടങ്ങിയ ഒരു നഴ്‌സറി സ്കൂൾ ഇപ്പോഴുമുണ്ട് … ആ നഴ്സറി സ്‌കൂളിൽ ദൈവം ഇപ്പോഴും രണ്ട് പേർക്ക് മാത്രമേ പ്രവേശനം കൊടുത്തിട്ടുള്ളൂ…”
പ്രൊഫ: രാകേന്ദുവിനും ശിഷ്യയായ മൃണാളിനിക്കും മാത്രം….
മാധ്യമപ്രവർത്തകൻ കൂടിയായ പി.കെ. ശ്യാംസുന്ദറിന്റെ ആദ്യ നോവൽ ‘ഋതു പരാഗം’ വ്യത്യസ്ഥമായ ഒരു വായ നാനുഭവമാണ് …
വായിച്ചുതീർക്കുമ്പോൾ കഥ അവസാനിക്കുന്നതാണ് മിക്ക പുസ്തകങ്ങളും എന്നാൽ 72 പേജുള്ള ഈ കുഞ്ഞു നോവൽ വായിച്ചുതീർന്നാലും കഥ തുടരുന്നതാണ് …
ഗൗരവമേറിയ സാഹിത്യരചനയുടെ വിശാലതയിലേക്കുള്ള ശ്യാംസുന്ദറിന്റെ രംഗ പ്രവേശം കൂടിയാണ് ഋതു പരാഗം
.. ഈ കുഞ്ഞ് നോവൽ ആശയങ്ങളുടെ ആഴത്തിലും ചിന്തകളുടെ വ്യാപ്തിയിലും വലിയൊരു വായനാ ലോകമാണ് തുറക്കുന്നത്.
പ്രണയവും തത്ത്വചിന്തയും ഇഴചേർന്നൊഴുകുന്ന ഈ നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാലദേശാതിവർത്തിത്വമാണ്. കഥ നടക്കുന്നത് ഏത് രാജ്യത്താണ്, ഏത് കാലഘട്ടത്തിലാണ്, ഏത് ഭൂമികയിലാണ് എന്നൊന്നും വായനക്കാരന് കൃത്യമായി മനസിലാക്കാനാവില്ല. ഒരുപക്ഷേ, അതൊരു പരിമിതിയല്ല; മനഃപൂർവം ഒരുക്കിയ സ്വാതന്ത്ര്യത്തിന്റെ വിശാലതയായിട്ട് കാണാവുന്ന എഴുത്തുകാരൻ്റെ ഇടപെടലാണത്. ലോകത്തിന്റെ ഏതു കോണിലും, ഏതു സർവകലാശാലാ കാമ്പസിലും, ഏതു കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണത്. വായനക്കാരന് തന്റെ ഭാവനയ്ക്കും അനുഭവങ്ങൾക്കും അനുസരിച്ച് നോവലിന്റെ ഭൂമികയും കാലവും സ്വയം നിർണയിക്കാം.
ഒരുതരം മിസ്റ്റിസിസം ഈ രചനയിലുണ്ട്. കാലത്തെയും ദേശത്തെയും ചിന്തയെയും ഒരുപോലെ അതിവർത്തിക്കുന്ന ആഖ്യാനശൈലി മനോഹരമാണ് . ഭാവനയുടെ പുതിയ വാതിലുകൾ തുറക്കുന്ന മാജിക്കൽ റിയലിസത്തിന്റെ ചില മനോഹരമായ സാന്നിധ്യങ്ങളും ഇതിൽ കാണാം…
‘ഋതുപരാഗ’ത്തിന്റെ മറ്റൊരു ആകർഷണം അതിലെ മണമുള്ള വാക്കുകളാണ്. ഓരോ താളിലും അത് സുഗന്ധം പരത്തുന്നു. വാക്കുകൾ പൂമ്പാറ്റകളെ പോലെ പാറിക്കളിക്കുന്ന പ്രതീതി… ഭാഷയുടെ കവിത്വഭംഗിയും മനോഹരമായി ഇതിൽ സമ്മേളിക്കുന്നു…
നോവലിന്റെ താളുകളിൽ പ്രണയവും തത്ത്വചിന്തയും പരസ്പരം കൈകോർത്തു സഞ്ചരിക്കുന്നു. അവ പുസ്തകത്തിന്റെ പേജുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ വിസമ്മതിക്കുന്നതുപോലെ തോന്നും. മനുഷ്യന്റെ ഉള്ളിലെ നൊമ്പരങ്ങളും ആഹ്ലാദങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും പ്രണയത്തോടൊപ്പംതന്നെ, ചിലപ്പോൾ അതിനേക്കാൾ തീവ്രമായി, നോവലിൽ കടന്നുവരുന്നു.
ലോകപ്രശസ്തരായ സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും തത്ത്വചിന്തകരും അവരുടെ ആശയങ്ങളുമായി ഈ ചെറിയ പുസ്തകത്തിലൂടെ ഒരു ഘോഷയാത്ര തന്നെ നടത്തുന്നുണ്ട്. ലോകസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ദാർശനിക ചിന്തകളുടെയും വിശാലമായ പരിസരങ്ങളെ ഈ ചെറിയ നോവലിനുള്ളിൽ ഇടിച്ചുകയറ്റുക കൂടി ചെയ്തിട്ടുണ്ട് നോവലിസ്റ്റ്. യുദ്ധങ്ങളും ദുരന്തങ്ങളും വിപ്ലവങ്ങളും അക്രമങ്ങളും രോഗങ്ങളും ഒരു സമൂഹത്തിന്റെ ചിന്തയെയും ജീവിതവീക്ഷണത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന ഗൗരവമേറിയ ചോദ്യങ്ങളും അതിൻ്റെ ആശങ്കകളും ഋതു പ രാഗം പങ്കുവെക്കുന്നു.
‘ഋതുപരാഗം’ ഒരു പ്രണയനോവലായി ചുരുക്കിവായിക്കാനാവില്ല. പ്രണയം ഇതിന്റെ പ്രധാനപ്പെട്ടൊരു ഭാവമാണെങ്കിലും അതിനപ്പുറം മനുഷ്യനും സമൂഹവും ചരിത്രവും ജീവിതവും കാലവും ചിന്തയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമായി ഇതിൽ കഥ വികസിക്കുന്നു.
ഒരു എഴുത്തുകാരന്റെ ആദ്യ നോവലിൽത്തന്നെ ഇത്രയേറെ ആശയവൈവിധ്യവും ഭാഷാസൗന്ദര്യവും ദാർശനികമായ അന്വേഷണങ്ങളും ഉൾക്കൊള്ളിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. എഴുപത്തിരണ്ട് പേജുകളുടെ പരിമിതിക്കുള്ളിൽ ലോകസാഹിത്യത്തിന്റെയും പ്രണയത്തിന്റെയും തത്ത്വചിന്തയുടെയും വിശാലമായ ആകാശം തുറന്നിടാൻ ശ്യാംസുന്ദറിന് കഴിയുന്നുണ്ട്.
ആദ്യ നോവലാണെന്ന പരിചയക്കുറവിന്റെ ലക്ഷണത്തെക്കാൾ ഒരു എഴുത്തുകാരന്റെ ആത്മവിശ്വാസമാണ് ഇതിൽ കാണുന്നത്. ‘ഋതുപരാഗം’ വായനയ്ക്കുശേഷവും മനസ്സിൽ പരാഗം പൊഴിച്ചുകൊണ്ടിരിക്കുന്ന ഒരു നോവലാണ്. നോവൽ സാഹിത്യത്തിലേക്കുള്ള ഒരു പ്രവേശന പാസ് കൂടിയാണ് ശ്യാം സുന്ദറിന് ഈ നോവൽ. പുസ്തകം മനസിരുത്തി വായിച്ചു …. മനോഹരം… ചിന്താപരം….
