മേരി സാമുവൽ
ആരാണ് ഞാനെന്ന ചോദ്യമാണ് ഭൂമിയിലേറ്റവും കുഴപ്പം പിടിച്ച ചോദ്യമെന്ന് കരുതി അകത്തും പുറത്തും ഉത്തരം തേടിക്കൊണ്ടിരിക്കവേ ഒരാള്‍ പറയുന്നു, നമ്മളെ അത്രയും ഗൗരവമായിട്ട് എടുക്കേണ്ട കാര്യമില്ലെന്ന്! രണ്ടു പതിറ്റാണ്ടോളമായി മലയാളികളുടെ ഹൃദയവയലുകളില്‍ പുലര്‍വെട്ടം പോലെ സൗമ്യവും ദീപ്തവുമായ സാന്നിദ്ധ്യമാകുന്ന ബോബി അച്ചനാണത് പറയുന്നത്.
എങ്കില്‍ പിന്നെയാരാണു ഞാന്‍?
വെറും മനുഷ്യന്.
ജീവിതത്തിന്റെ ഉത്തുംഗ ശ്യംഗങ്ങളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും താഴെവീഴാവുന്ന, തകര്‍ന്നുപോകാവുന്ന, അപമാനിതനാകാവുന്ന, തിരസ്കൃതനാകാവുന്ന വെറുമൊരു കുമിള.
പരിപൂര്ണതയിലല്ല, തകര്‍ച്ചയില്‍ നിന്നുമാണ് സ്നേഹത്തിന്റെ ദൂത് പിറക്കുന്നതെന്ന് പന്ത്രണ്ട് ശിഷ്യന്മാരിലെ യാക്കോബിനെ കൂട്ടുപിടിച്ച് ബോബി അച്ചന് പറയുമ്പോള്‍ ശരിയാണല്ലോ, ഇത്രയും കാലം ബൈബിള്‍ വായിച്ചിട്ടും ആ വെളിച്ചം തെളിഞ്ഞ് കിട്ടിയതിപ്പൊഴാണല്ലോ എന്നോര്‍ത്തു പോയി.
തീര്‍ന്നില്ല, മനുഷ്യനായിരിക്കുന്നതിനുളള കപ്പമാണീ കണ്ണീരും സങ്കടങ്ങളുമെന്ന് വായിക്കുമ്പോള്‍ അതുവരെയുളള സങ്കടങ്ങള്ക്കൊരു ലാഘവമൊക്കെ തോന്നുന്നുണ്ട്. വെറുതേയല്ലല്ലോ, മനുഷ്യനല്ലേ?
ഇനിയാണ് കെണി. അയാളൊരു നല്ല മനുഷ്യനാണ് എന്നതാണത്രെ ഒരു മനുഷ്യന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ വാഴ്ത്ത്. അതും വെറും മനുഷ്യനല്ല. യേശുവെ പോലൊരു മനുഷ്യന്!പെട്ടില്ലേ? വീണ്ടുവിചാരങ്ങളുടെ ഇത്തിരിനേരത്തിലേക്ക് ഏറ്റവും സൗമ്യമായിത്തന്നെ ആ ക്ഷണം നീളുകയാണ്. കൂടുതലൊന്നും വേണ്ട. സ്നേഹമുണ്ടായാല്‍ മതി. അനുകമ്പയുളളവരായാല് മതി.
ഉളളില്‍ നിറഞ്ഞ് തൂവി നില്ക്കുന്ന ഈഗോയെ പുറന്തളളിയിട്ടുവേണ്ടേ സ്നേഹത്തിന് ഇരിപ്പിടം കൊടുക്കാന്‍? ഓരോ നിമിഷവും നിങ്ങളെ മുറിവേല്‍പ്പിക്കാന്‍ കെല്‍പ്പുളള, ചിറകുകള്‍ക്കുളളില്‍ വാളൊളിപ്പിച്ച ആ സ്നേഹത്താല്‍ സ്നാനം ചെയ്യപ്പെടാനാണ് ക്ഷണം. ഞാനെന്ന ഭാവത്തെ അഴിച്ചുവെച്ച് തുടങ്ങുന്ന ഒരു കളി. പൂര്‍ണമായും ഞാനില്ലാതാകുന്നതുവരെ ആ കളി തുടരുക. ദൗര്‍ബല്യങ്ങളിലും എഴുന്നേറ്റു നില്ക്കാന് അമരമായ സ്നേഹത്തിന്റെ ഓര്‍മ്മ മാത്രം മതിയെന്നാണ്. എത്രമാത്രം അന്പുളളവനാണ് എന്നതാകുന്നു ഒരു മനുഷ്യനെ അളക്കാനുളള ഏകകം. ഉപാധികളില്ലാതെ കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ കഴിയുന്ന, ഒരപമാനത്തിനും ചങ്ങാതിയെ വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യമുളള സ്നേഹമാകുക. അത്ര എളുപ്പമല്ല അത്.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുണയുടെയും കണ്ണുകളിലൂടെ അച്ചന് വായിച്ചെടുക്കുന്ന ചില സിനിമകളും കഥകളും അനുഭവങ്ങളുമുണ്ട്. കണ്ണീരിന്റെ നനവും ആര്‍ദ്രതയുമുളള മനുഷ്യരെ തന്നെയാണ് ഓരോന്നിലും കണ്ടുമുട്ടുന്നത്. വയല്പ്പൂക്കളുടെ ചന്തമുളള, ചെറിയകാര്യങ്ങള്‍ കൊണ്ടു ജീവിതം സ്വര്‍ഗമാക്കുന്ന മനുഷ്യരുടെ കഥകള്‍. എല്ലാ മനുഷ്യരുടെയും കഥയും ചെന്നെത്തുന്നത് രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറത്ത്, കടപ്പുറത്ത് ജീവിച്ച പട്ടിണിക്കാരനായ ഒരു മനുഷ്യനിലേക്കാണ്. അപ്പം നുറുക്കുമ്പോഴൊക്കെ എന്നെ ഓര്‍മ്മിക്കണം എന്ന് പറഞ്ഞേല്പ്പിച്ചിട്ടുപോയ, അത്രയും കണ്ണീരോടു കൂടി മാത്രം അപ്പത്തെ സ്വീകരിച്ച, നിസ്വനായ ഒരുവനിലേക്ക്. അവിടെയെത്തുമ്പോള്‍ നമ്മളും അറിയാതെ കൈകൂപ്പി പോകുന്നുണ്ട്. സ്നേഹത്തില്‍ അയാള്‍ രാജാവാണല്ലോ. അയാളെ ജീവിതത്തിന്റെ ശാന്തബിന്ദുവാക്കാനാണ് പ്രാര്‍ത്ഥന. എല്ലാത്തരം തിരയിളക്കങ്ങളെയും കൈകാര്യം ചെയ്യാന്‍ ശാന്തതയല്ലാതെ മറ്റെന്താണ് പോംവഴി? ആ പ്രാര്ത്ഥനയിലേക്കെത്തുന്നതിനു മുമ്പ് വേറെയും പ്രാര്‍ത്ഥനകളുണ്ട്. ജീവിതത്തെ ചലനാത്മകമായി നിലനിര്‍ത്തുന്ന വിശുദ്ധമായ ആ കാറ്റിനു വേണ്ടി, തെളിഞ്ഞ ആകാശം കണക്കുളള മനസിനു വേണ്ടി, അകത്തേക്കു തുറക്കുന്ന മിഴികള്‍ക്കു വേണ്ടി, അപരനിലേക്കു വിടര്‍ത്തിയ കൈകളാവാന്‍ വേണ്ടി…പ്രാര്‍ത്ഥനകള്‍ അനുസ്യൂതം തുടരുകയാണ്.
അച്ചന്റെ ഭാഷയില്‍ അനേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം, ധ്യാനത്തിനു ശേഷം, ഇങ്ങനെയായിരിക്കേണ്ടവരല്ല നമ്മളെന്നും ഇതല്ല വഴി എന്നും നമുക്ക് പിടിത്തം കിട്ടുമെന്നു തന്നെയാണ്. ആ പിടിത്തം കിട്ടലിലേക്ക് നയിക്കാവുന്ന ചിന്താദീപ്തമായ ഒരു പിടി ധ്യാനകഥകളാണ് അടുത്തത്. അതും കഴിയുമ്പോള്‍ ചിലപ്പോള്‍ വെളിച്ചം കിട്ടിയേക്കും. ദൈവരാജ്യം ഉളളില്‍ തന്നെയാണെന്ന്. ആകുലതയും ഒരു പാഠമാണെന്ന്. വീട്ടാക്കടത്തിന്റെ പേരാണ് ജീവിതമെന്ന്. അത്രയൊക്കെയേ ഉളെളന്നേ. ഗൗരവമായിട്ടൊന്നുമില്ല!
